2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

"ടിപ്പുസുല്‍ത്താന്‍ റീലോഡഡ്"

തമാശ എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. പക്ഷേ, പലരുടേയും തമാശ കേട്ടാല്‍ മാന്നാര്‍ മത്തായി പറഞ്ഞപോലെ ഏകദേശം നെഞ്ചിന്‍റെ ഈ ഭാഗത്തായിട്ട് കിട്ടി എന്നുപറഞ്ഞതുപോലെയാണ് നമുക്ക് തോന്നുക. ടിന്‍റുമോനെ ഇരിങ്ങാലക്കുടക്കാരന്‍ പേറ്റന്‍റ് എടുത്തെങ്കിലും ഇപ്പോഴും ടിന്‍റുമോന്‍റെ തമാശകള്‍ മൊബൈലുകളിലൂടെ ഗതികിട്ടാതലയുകയാണല്ലോ. അത്തരത്തില്‍ എന്‍റെ മൊബൈലിലും വന്നു ഭീകരവും ക്രൂരവുമായ ഒരു  സന്ദേശം. അയച്ചത് സുപ്രസിദ്ധ ചെറ്റയും , അലവലാതിയും എമ്പോക്കിയുമായ അച്ചന്‍കുഞ്ഞാണ്.


സന്ദേശം ഇങ്ങനെയായിരുന്നു.


പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലഘട്ടം: ടിപ്പു സുല്‍ത്താന്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരോട് പോരാടിക്കൊണ്ടിരിക്കുന്നു. ടിപ്പുവിന്‍റെ പടയില്‍ അഞ്ഞൂറ് ആനപ്പട, രണ്ടായിരത്തഞ്ഞൂറ് കുതിരപ്പട, ഇരുപത്തയ്യായിരം കാലാള്‍പ്പട. ടിപ്പു ബ്രിട്ടീഷുകാരോട് ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. പക്ഷേ, ടിപ്പുവിന്‍റെ പടയ്ക്ക് ബ്രിട്ടീഷുകാരോട് അധികം സമയം പൊരുതിനില്‍ക്കാനായില്ല. ബ്രിട്ടീഷുകാരെ ഭയന്ന് ടിപ്പുസുല്‍ത്താന്‍ യുദ്ധമുഖത്തുനിന്നും പലായനം ചെയ്തു. യുദ്ധം ചെയ്തുക്ഷീണിച്ച ടിപ്പു വളരെ ക്ഷീണിതനായിരുന്നു. അങ്ങനെ വിശന്നുപൊരിഞ്ഞ് ഒരു ഭക്ഷണശാല‌ അന്വേഷിച്ചുനടന്ന ടിപ്പു ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയശേഷം, എന്തുണ്ട് കഴിക്കാന്‍? ബാര്‍ബര്‍:കട്ടിങ്ങും, ഷേവിങ്ങും. ടിപ്പു: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.
ഹഹഹഹഹഹഹഹഹ......
എങ്ങനെയുണ്ട് തമാശ?


ഇതു വായിച്ചിട്ട് ആര്‍ക്കെങ്കിലും അച്ചന്‍കുഞ്ഞിനോട് തെറി പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ വിളിക്കേണ്ട നമ്പര്‍ : 09585746430

2010, സെപ്റ്റംബർ 8, ബുധനാഴ്‌ച

"ഷാപ്പേമായം"

ഈ ദിവസങ്ങളില്‍ വിഷമദ്യദുരന്തം പത്രത്തിലും, ചാനലുകളിലുമെല്ലാം വാര്‍ത്തയായി മാറിയിരുന്നല്ലോ; ഈ വാര്‍ത്തകള്‍ കാണുമ്പോഴാണ് ഷാപ്പുകളില്‍ പോയി വിശ്വാസ്യത തുളുമ്പുന്ന നമ്മുടെ ദേശീയപാനീയം അമൃതുസേവിക്കുന്നതുപോലെ എല്ലാ ദിവസവും സേവിച്ചു സായൂജ്യമടയുന്ന കുടിയന്മാരുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് എനിക്കു ബോധ്യം വന്നത്. അതു മാത്രമല്ല , അടിയനും ചിലപ്പോഴൊക്കെ സന്ദര്‍ശിക്കാറുള്ള ഒരു പുണ്യ സ്ഥലമാണ് ഈ കള്ളുഷാപ്പ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് പണ്ടത്തെ ഒരു ഷാപ്പുസന്ദര്‍ശനമാണ് ഓര്‍മ്മ വരുന്നത്.
അന്നൊരു തിരുവോണദിവസമായിരുന്നു, ഞാന്‍ പനിച്ചുവിറ‌ച്ചിരുന്നുകൊണ്ട് ടീവിയിലെ ഓണപ്പരിപാടികള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഭക്ഷണം പോലും കഴിക്കാനാവാത്ത അവസ്ഥ. ആ നാണംകെട്ട പനി  എന്‍റെ ഓണം കൊളമാക്കിത്തന്നു. അങ്ങനെ പനിച്ചുതൂങ്ങി ഇരിക്കുമ്പോഴാണ് പഴയ ക്ലാസ്മേറ്റ് നിപ്പിള്‍ബാബുവിന്‍റെ ഫോണ്‍ വരുന്നത്.(അവനു ബാക്കി എല്ലാ സുഹൃത്തുക്കളേക്കാളും പ്രായമുണ്ടെങ്കിലും മുലകുടിമാറാത്ത കുട്ടിയുടെ സ്വഭാവമാണ്, അതുകൊണ്ട് അവനെ ഞങ്ങള്‍ നിപ്പിള്‍ബാബു എന്നു വിളിക്കുന്നു.) അവന്‍ വിളിച്ചിട്ട് ചോദിച്ചു അളിയാ എന്താടാ ഓണമായിട്ട് പരിപാടി? ഞാന്‍  പറഞ്ഞു നോ പരിപാടീസ് അറ്റ് ഓള്‍. അപ്പോള്‍ അവന്‍ പറഞ്ഞു, ഏതായാലും നീ വീട്ടീന്ന് പുറത്തു ചാട്, ഞങ്ങള്‍ അതായത് ഞാനും , കണ്ണനും , അപ്പച്ചനും കലുങ്കിന്‍റവിടെ നില്‍പ്പുണ്ട്. ഞാന്‍ ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വീട്ടീന്ന് പുറത്തുചാടിയോടി അഞ്ചുസെക്കന്‍റുകൊണ്ട് അവന്മാരുടെ അടുത്തെത്തി. നിപ്പിള്‍ അവന്‍റെ കൂതറ സ്പ്ലെണ്ടറുമായാണ് വന്നിരിക്കുന്നത്. അവന്‍ അതു സ്റ്റാര്‍ട്ട് ആക്കിയിട്ടു പറഞ്ഞു വാ കേറ്. അങ്ങനെ ആദ്യമായി ഒരു സ്പ്ലെണ്ടറില്‍ നാലുപേരുമായി യാത്ര തുടങ്ങി. ഞങ്ങള്‍ നാലുപേരും സീറ്റിലും നിപ്പിള്‍ പെട്രോള്‍ടാങ്കിന്‍റെ മീതെയുമിരുന്നാണ് യാത്ര. കാണുന്നവരെല്ലാം ഭയങ്കരസംശയത്തോടെയാണ് ഞങ്ങളെ നോക്കിയത്.വണ്ടി ഓടിത്തുടങ്ങിയപ്പോഴാണ് എനിക്കൊരു സംശയം തോന്നിയത്, നിപ്പിള്‍ ശകലം അകത്താക്കിയിട്ടുണ്ടോ എന്ന്. കാരണം വണ്ടിക്ക് നാലുപേര്‍ കയറിയിട്ടും പതിവിലും കൂടുതല്‍ സ്പീഡ്. ചോദിച്ചപ്പോള്‍ പറഞ്ഞു ,"അളിയാ ഞാന്‍ കുറച്ച് അടിച്ചിട്ടുണ്ട് പക്ഷേ എനിക്കിനീം അടിക്കണം".അപ്പോ നമ്മളെങ്ങോട്ടാ? ഞാന്‍ ചോദിച്ചു. എങ്ങോട്ടു പോകണമെന്ന് കാശെറക്കുന്ന അപ്പച്ചന്‍ തീരുമാനിക്കും; നിപ്പിള്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍ അപ്പച്ചന്‍ ഇടിവെട്ടേറ്റതുപോലെ പറഞ്ഞു എന്‍റെ കയ്യില്‍ അഞ്ചുപൈസപോലുമില്ല. അപ്പോള്‍ നിപ്പിള്‍ പറഞ്ഞു ; എന്‍റെ കയ്യില്‍ കാശുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നോടൊന്നും ചോദിക്കില്ലായിരുന്നു,നിനക്കൊന്നും എന്നോടൊരു സ്നേഹവുമില്ല. അതു കേട്ടപ്പോള്‍ അപ്പച്ചനു ഫീലിങ്സ് ആയി. അപ്പച്ചന്‍ കയ്യിലുണ്ടായിരുന്ന കാശുമുഴുവന്‍ തപ്പിപ്പിടിച്ചെടുത്തിട്ടു ചോദിച്ചു നിപ്പിളേ നിനക്കെന്താ വേണ്ടത്?. അപ്പോള്‍ നിപ്പിള്‍ പറഞ്ഞു വിടെടാ വണ്ടി ഷാപ്പിലേക്ക്. അങ്ങനെ ബൈക്ക് ഷാപ്പുലക്ഷ്യമാക്കി കുതിച്ചു. ഷാപ്പിലെത്തിയപ്പോ കണ്ണന്‍ പറഞ്ഞു, ഞാന്‍ ശബരിമലയ്ക്ക് മാലയിട്ടാല്‍ പിന്നെ ഒരു തുള്ളി പോലും കഴിക്കില്ല അതുകൊണ്ട് എനിക്കു മദ്യം വേണ്ട. അപ്പോ നിപ്പിളിനു സന്തോഷമായി, ഒരാളെങ്കിലും കുറഞ്ഞല്ലോ.അങ്ങനെ നിപ്പിളും ഞാനും അടി തുടങ്ങി , അപ്പച്ചന്‍ പേരിനു മാത്രം കഴിച്ചു. അവസാനം ഞാന്‍ പനിപിടിച്ച കോഴി കഞ്ചാവും കൂടി അടിച്ചാലെന്ന അവസ്ഥയിലെത്തി.കുടി കഴിഞ്ഞു കുറേ നേരം കഴിഞ്ഞപ്പോള്‍ എനിക്കു ചെറിയതോതില്‍ അസ്വസ്ഥത തോന്നി . ഞാനതു കാര്യമാക്കാതെ ബൈക്കിലിരുന്ന് മാന്യമായിട്ട് ഒരു വെച്ചുകൊടുത്തു ഒരു വാള്‍. പിന്നെ വാളുകളുടെ ഒരു തുടര്‍പ്രവാഹം തന്നെയായിരുന്നു. കൊടുവാള്‍, വടിവാള്‍,അരിവാള്‍ മുതലായ എല്ലാ വാളുകളും എന്‍റെ തിരുവായില്‍ നിന്നും പുറത്തുവന്നു.കണ്ണന്‍ അടിക്കാത്തതുകൊണ്ട് പുറം തിരുമ്മിത്തരാന്‍ ഒരാളുണ്ടായി. അങ്ങനെ കിക്ക് ഇറങ്ങാന്‍ വേണ്ടി എന്നേയും ചുമന്നുകൊണ്ട് കണ്ണന്‍ പാടവരമ്പിലൂടെ തോടു ലക്ഷ്യമാക്കിനടന്നു.തോട്ടുവരമ്പത്ത് എത്തിയ ഉടനെ എന്‍റെ ഭാവം മാറി , ഞാന്‍ ഉടുതുണി വലിച്ചെറിഞ്ഞ് തോട്ടിലേക്കു ചാടി. കിക്ക് ഇറങ്ങിയപ്പോള്‍ രാത്രി  എട്ടുമണിയായി. അന്നു രാത്രി മുതല്‍ തുടങ്ങിയ മൃഗീയമായ പനി രണ്ടാഴ്ച കഴിഞ്ഞാണ് മാറിയത്.പനിമാറിയ ശേഷം നിപ്പിളിനെക്കണ്ട ഞാന്‍ അവനോടു ചോദിച്ചു നമ്മള്‍ അന്നു കുടിച്ച കള്ളിന്‍റെ പേരെന്താടാ? അവന്‍ പറഞ്ഞു "സ്പീഡ്", സ്പീഡോ? ഞാന്‍ ചോദിച്ചു. അതെ ഡയസ്പാം+സ്പിരിറ്റ്+കുമ്പളങ്ങാനീര്+കഞ്ഞിവെള്ളം=സ്പീഡ് ,അവന്‍ പറഞ്ഞതു കേട്ടപ്പോള്‍ എന്‍റെ കണ്ണു ബള്‍ബായി. അതില്‍പിന്നെ ഞാന്‍ ഷാപ്പിലെ കള്ള് കുടിച്ചിട്ടില്ല, വേറൊന്നുംകൊണ്ടല്ല‌ ജീവനില്‍ കൊതിയുള്ളതുകൊണ്ടാ....

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ബേസിലേട്ടന്‍

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ബേസിലേട്ടന്‍റെ ലോകത്തേക്ക് സ്വാഗതം. ഭൂലോക അലവലാതിയും, പരമനാറിയും,അതിലേറെ എരപ്പാളിയുമായ എന്‍റെ ജീവിതത്തിലുണ്ടായതും ഉണ്ടാകാത്തതുമായ സംഭവങ്ങള്‍ ഞാന്‍ എന്‍റെ ഈ ബ്ളോഗിലൂടെ വിവരിക്കുന്നതാണ്. മുന്‍പ് പലപ്പോഴും പല ബ്ളോഗുകളും തുടങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും നോക്കിനടത്തിക്കൊണ്ടുപോകാന്‍ എനിക്കു സാധിച്ചില്ല. അതിന്‍റെ വാശി തീര്‍ക്കാനാണ് ഞാന്‍ പിന്നെയും ഈ എരപ്പാളിത്തരത്തിനു മുതിരുന്നത്. നാട്ടുകാരുടേയും വീട്ടുകാരുടേയും കണ്ണിലുണ്ണിയും, പണിയൊന്നും ചെയ്യാതെ ചുമ്മാ വീട്ടിലിരിക്കുന്നവരുടെ ഉറ്റ തോഴനുമായ സര്‍വ്വശ്രീ ബേസിലേട്ടന്‍റെ (അതായത് എന്‍റെ)  ബ്ലോഗ് എല്ലാവരും ശ്രദ്ധയോടെ വായിക്കുകയും, കമന്‍റ് പോസ്റ്റ് ചെയ്യുകയും, കൂട്ടുകാരോട് ബേസിലേട്ടന്‍റെ ബ്ളോഗിനെപ്പറ്റി നല്ല അഭിപ്രായങ്ങള്‍ പറയേണ്ടതുമാണ് . അല്ലാത്തപക്ഷം  രണ്ടുദിവസത്തിനുള്ളില്‍ അവരുടെ കംപ്യൂട്ടറുകള്‍ അടിച്ചുപോകുന്നതും അവരുടെ ബ്ളോഗ് ശപിക്കപ്പെട്ടുപോകുന്നതുമാണ്.കുറച്ചുനാള്‍ മുന്‍പ് ഒരാള്‍ എന്‍റെ ബ്ളോഗില്‍ കയറുകയും കമന്‍റ് പോസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ ആ ധിക്കാരിയുടെ ബ്ളോഗ് ഡിലീറ്റ് ആയിപ്പോയി. അതുകൊണ്ട് നിങ്ങള്‍ എല്ലാവരും വളരെ ഡീസന്‍റാവുകയും, ബ്ളോഗില്‍ കമന്‍റ് ഇടുകയും ചെയ്യുക.
                   

                   എന്ന് സ്നേഹത്തോടെ നിങ്ങളുടെ കണ്ണിലുണ്ണി

                                                                       "ബേസിലേട്ടന്‍"
Related Posts with Thumbnails